ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പ്രാദേശിക ചരിത്രം
പണ്ട് കാലത്ത് ഈ പ്രദേശത്ത് (ഇപ്പോഴത്തെ ഗണപതി വിലാസം ഹൈസ്കൂളിനടുത്തായി) കൂവേലി മഠം എന്ന ഒരു ജന്മി കുടുംബം ഉണ്ടായിരുന്നു എന്നും നാട്ടുകാർ തങ്ങളുടെ ആവലാതികളും മറ്റും അവരുടെ അടുത്ത് പറഞ്ഞ് പരിഹാരങ്ങൾ കണ്ടെത്തിയിരുന്നു എന്നും അങ്ങിനെ ആ കുടുംബക്കാരുടെ പടിയായ “കൂവേലിപ്പടി” ലോപിച്ചാണ് “കൂവപ്പടി” ആയതെന്നുമാണ് ചരിത്രം. പിന്നീട് അതേ പേര് തന്നെയാണ് പഞ്ചായത്തിനും ലഭിച്ചത്.
നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ഈ പ്രദേശത്തെ ഭൂസ്വത്തുകൾ വിവിധ ദേവസ്വങ്ങളുടെയും മനകളുടെയും മറ്റു മുന്നോക്കവിഭാഗം ജന്മിമാരുടെയും വകയായിരുന്നു. എന്നാൽ കാലത്തിന്റെ കുത്തൊഴുക്കിൽ പുരോഗമന പ്രസ്ഥാനങ്ങളുടെ സംഘടിത പ്രവർത്തനങ്ങളിലൂടെ ഭൂവുടമ സമ്പ്രദായത്തിൽ സംസ്ഥാനത്ത് വന്ന മാറ്റം ഇവിടെയും പ്രകടമായി. ഭൂമിയുടെ ഉടമസ്ഥാവകാശം ചെറുകിട കർഷകരുടെ കൈവശം എത്തിച്ചേർന്നു.
ജാതീയമായ ഉച്ചനീചത്വങ്ങൾ നിലനിന്നിരുന്ന ഇവിടെ അതിൽ മാറ്റം വരുത്തുന്നതിന് ശ്രീനാരായണ പ്രസ്ഥാനങ്ങൾ വളരെ സഹായിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ശ്രീനാരായണ ഗുരു നേരിട്ട് വന്ന് ഒരു ദിവസം താമസിച്ച് സ്ഥാപിച്ചതാണ് ശ്രീ ശങ്കരനാരായണ ക്ഷേത്രം.
ഇവിടുത്തെ ഭൂപ്രകൃതി കുന്നും ചെരിവും സമതലവും ചേർന്നതാണ്. ഏകദേശം 70 ശതമാനത്തോളം സമതല പ്രദേശങ്ങളാണ്. കുന്നക്കാട്ടുമല, മയിലാടുംകുന്ന്, കയ്യുത്തിയാൽ എന്നീ പ്രദേശങ്ങൾ കുന്നിൻ പ്രദേശങ്ങളാണ്.
നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ധാരാളം കരിമ്പുകൃഷി ഉണ്ടായിരുന്ന ഈ പ്രദേശത്തെ പ്രധാന കൃഷി പിന്നീട് നെല്ലായി മാറി. റബ്ബർ, ഇഞ്ചി, തെങ്ങ്, വാഴ, കപ്പ തുടങ്ങിയവയാണ് മറ്റു പ്രധാന കൃഷികൾ. തീരപ്രദേശങ്ങളിൽ ജാതികൃഷിയും വ്യാപകമാണ്.
പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജലസ്രോതസ്സ് പെരിയാർ നദിയാണ്. ഏഴ് വാർഡുകളുടെ വടക്കേ അതിരും രണ്ട് വാർഡുകളുടെ പടിഞ്ഞാറേ അതിരും തൊട്ടുരുമ്മിക്കൊണ്ടാണ് ഈ നദി ഒഴുകുന്നത്. പശ്ചിമഘട്ടത്തിൽ നിന്നുത്ഭവിച്ച് പടിഞ്ഞാറോട്ട് ഒഴുകുന്ന ഈ നദി ഒന്നാം വാർഡിൽ ഏകദേശം രണ്ട് കിലോമീറ്റർ ദൂരം കിഴക്കോട്ട് ഒഴുകുന്നത് ഒരു പ്രത്യേകതയാണ്.
സാംസ്കാരിക ചരിത്രം
ഒരു കാലത്ത് കൊയ്ത്തുപാട്ടിന്റെയും തിരുവാതിര കളിയുടെയും പരിചമുട്ടിന്റെയും ചിന്തുപാട്ടിന്റെയും തൊപ്പിക്കുട തുള്ളൽ തുടങ്ങിയ നാടൻ കലാരൂപങ്ങളുടെയും ഈണവും താളവും മുഴങ്ങി കേട്ടിരുന്ന ഒരു ഗ്രാമമായിരുന്നു കൂവപ്പടി പഞ്ചായത്ത് ഉൾക്കൊള്ളുന്ന പ്രദേശം.
പഞ്ചായത്തിൽ ഏകദേശം 27 ഹൈന്ദവ ക്ഷേത്രങ്ങളും, 13 ക്രിസ്ത്യൻ പള്ളികളും, 5 മുസ്ലിം ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്നു. ഇവയുമായി ബന്ധപ്പെട്ട് വർഷംതോറും നടത്തുന്ന ഉത്സവങ്ങളിലും തിരുനാളുകളിലും ജാതിമതഭേദമെന്യേ എല്ലാവരും പങ്കുചേരുന്നു. വളരെ വിപുലമായ രീതിയിലാണ് ഈ ആഘോഷങ്ങൾ നടക്കുന്നത്.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏകദേശം 37 ചെറുതും വലുതുമായ ആർട്സ് & സ്പോർട്സ് ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു. കേരളത്തിലെ ആകെ മൂന്ന് ആനപരിശീലന കേന്ദ്രങ്ങളിൽ ഒരെണ്ണം ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. സ്വദേശികളെയും വിദേശികളെയും ഒരുപോലെ ആകർഷിക്കുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഇത്.
ഇടവൂരിൽ സ്ഥിതി ചെയ്യുന്ന ശ്രീ ശങ്കരനാരായണ ക്ഷേത്രം ശ്രീനാരായണ ഗുരുവിന്റെ സാമീപ്യം കൊണ്ട് പ്രശസ്തമാണ്. കേരളത്തിലെ ഏറ്റവും വലിയ നന്ദി പ്രതിമ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ ഐമുറി ശിവക്ഷേത്രവും ഈ പഞ്ചായത്തിലാണുള്ളത്. കൂടാതെ കേരളത്തിലെ ഏക ധന്വന്തരീക്ഷേത്രം തോട്ടുവ എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.
ഏകദേശം ആയിരം വർഷത്തെ ഐതിഹ്യമുള്ള കൂവപ്പടി പുല്ലംവേലി ഭഗവതി ക്ഷേത്രം ഗ്രാമീണ ഭംഗി നിലനിർത്തുന്ന പ്രധാന കാവുകളിലൊന്നാണ്. ഈ ക്ഷേത്രങ്ങൾ പഞ്ചായത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ പ്രധാന ഭാഗങ്ങളായി നിലകൊള്ളുന്നു.
ആദ്യകാലങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവുമൂലം പലരും നിരക്ഷരരായിരുന്നു. അന്നത്തെ കാലത്ത് നിലത്തെഴുത്താശാന്മാരുടെ സേവനം മാത്രമാണ് ലഭ്യമായിരുന്നത്. ഈ പ്രദേശത്ത് ആദ്യമായി സ്ഥാപിക്കപ്പെട്ട വിദ്യാലയം ചേരാനല്ലൂർ വെർണാകുലർ പ്രൈമറി സ്കൂളാണ്. സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് എറണാകുളം ജില്ലയിലെ ആദ്യ ജൂനിയർ ടെക്നിക്കൽ സ്കൂളും കൂവപ്പടിയിലാണ് ആരംഭിച്ചത്.